Saturday, June 9, 2007

"പൊതു മാപ്പ്....”

യൂ.ഏ.യില്‍ മൂന്നാമതും പൊതു മാപ്പ് പ്രഖ്യപിച്ചിരിക്കുന്നു. കഴിഞ്ഞതവണ പൊതുമാപ്പ് പ്രഖ്യപനം കാത്തിരുന്ന് കിട്ടിയ കനിയായിരുന്നെങ്കില്‍ ഓര്‍ക്കാപുറത്ത് വീണുകിട്ടിയ ഒരനുഗ്രഹമാണ് ഇത്തവണത്തെ പൊതുമാപ്പ്. അന്നന്നത്തെ അന്നം തേടി ഈ പ്രവാസ ഭൂമികയിലെത്തി അറിഞ്ഞോ അറിയാതെയോ ചതിയില്‍‌പെട്ടോ ഒക്കെ അനധിക്രിത കുടിയേറ്റകാരായി മാറി പിറന്ന നാടും വീടും വീട്ടുകാരും ചന്നം പിന്നം പെയ്യുന്ന മഴയും, പതഞ്ഞൊഴുകുന്നതോടും കുത്തിയൊലിക്കുന്ന റോഡും, റോഡ് നിറഞ്ഞൊഴുകുന്ന ജാഥയും ഒക്കെ ഓര്‍മ്മയാക്കി നാട്ടിലേക്ക് എങ്ങിനെ മടങ്ങുമെന്ന് വിങ്ങലോടെ ഓര്‍ത്തും പേര്‍ത്തും കഴിയുന്ന മൂന്ന് ലക്ഷത്തോളം വരുന്ന ഹതഭാഗ്യന്മാര്‍ക്കാണ് പറ്റിപോയ തെറ്റിന്റെ ശിക്ഷ അനുഭവിക്കാതെ തങ്ങളുടെ തെറ്റുകള്‍ തിരുത്താന്‍ ഈ നാട്ടിലെ ഭരണാധികാരികള്‍ ഒരവസരം കൂടി കനിഞ്ഞു നല്‍കിയിരിക്കുന്നത്.

പറ്റിപ്പോയ തെറ്റിന്റെ പിന്നാമ്പുറം ചികയാതെ തെറ്റു തിരുത്താന്‍ ഒരു പക്ഷേ അവസാനമായി കിട്ടുന്ന അവസരമായിരിക്കാം ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഈ പ്രവാസ ഭൂമിയില്‍ എല്ലാ രേഖകളുമായി എത്തുന്നവര്‍ എങ്ങിനെ അനധിക്രിത കുടിയേറ്റക്കാരായി മാറുന്നു? ഇവര്‍ എങ്ങിനെ ഈ ഭൂമിയില്‍ ജീവിക്കുന്നു? അറിഞ്ഞുകൊണ്ട് അനധിക്രിത താമസ്സക്കാരാകുന്നവര്‍ അറിയാതെ അങ്ങിനെ ആവുന്നവരേക്കാള്‍ കൂടുതലാകുന്നതെങ്ങനെ? ഒരോ തവണ പൊതുമാപ്പ് വരുമ്പോഴും ആ അവസരം ഉപയോഗപ്പെടുത്താന്‍ കഴിയാതെ വീണ്ടും ഇവിടെ തന്നെ അനധിക്രിതരായി തുടരാന്‍ ചിലരെങ്കിലും നിര്‍ബന്ധിതരാകുന്നതെങ്ങിനെ? നേരിട്ടറിയുന്നവരുണ്ടെങ്കില്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ കഴിയുമെങ്കില്‍ നമ്മുക്ക് ചര്‍ച്ചയാക്കാം. കുറേ കദന കഥകള്‍ നേരിട്ടറിയാം. അറിയാവുന്നത് പരസ്പരം പറയാം.

ഈ പൊതുമാപ്പിനെ എങ്ങിനെ ഉപയോഗപ്പെടുത്താം? ആര്‍ക്കൊക്കെയാണ് ഈ പൊതു മാപ്പില്‍ ഭരണകൂടം മാപ്പ് നല്‍കാന്‍ ഉദ്ദ്യേശിക്കുന്നത്? പൊതുമാപ്പ് ലഭിക്കാന്‍ ലഭ്യമാക്കേണ്ടുന്ന രേഖകളും ബന്ധപ്പെടേണ്ട് ഒഫീസുകളും എന്തൊക്കെയാണ്? ഇതുമായി ബന്ധപെട്ടെതൊക്കെയും നമ്മുക്ക് ചര്‍ച്ചയാക്കാം.


ഈ വാഗ്ദത്ത ഭൂവില്‍ ദുരന്ത പ്രവാസം നയിക്കുന്നവരുടെ ജീവിതം വല്ലിയ വല്ലിയ പാഠങ്ങളാണ് നല്‍കുന്നത്. പൊതുമാപ്പ് പ്രഖ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ നിന്നു കൊണ്ട് നേരിട്ട് കണ്ടതും കേട്ടതുമായ അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളുടെ ഒരു സംഗ്രഹമാണീ ബ്ലോഗ്.
പ്രവാസ ഭൂവിലെ നോവുകളെ തിരിച്ചറിയുന്ന ഏവര്‍ക്കും സ്വാഗതം....

1 comment:

അഞ്ചല്‍ക്കാരന്‍ said...

എല്ലാ യാത്രാ രേഖകളുമായി വീട്ടുകാരുടെം നാട്ടുകാരുടേം പിറന്നനാട്ടിന്റേയും അനുഗ്രഹാശിസുക്കളോടെ മനം നിറയെ സ്വപ്നങ്ങളുമായി ഈ വാഗ്ദത്ത ഭൂവില്‍ പറന്നിറങ്ങുന്നവര്‍ അസ്തിത്വം നഷ്ടപെട്ട് മേല്‍‌വിലാസമന്യമായി പൊതുമാപ്പിന്റെ നീണ്ട ക്യൂവില്‍ തങ്ങളുടെ ഊഴം കാത്ത് പൊള്ളുന്ന വെയിലില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി നില്‍കേണ്ടി വരുന്നതെങ്ങനെ?