Friday, June 15, 2007

പോത്ത് വിസ.

ചതികുഴികള്‍ നിറഞ്ഞതാണ് പ്രവാസത്തിലേക്കുള്ള വഴിയെന്നും അതു തിരിച്ചറിയണമെന്നും, ചതികളില്‍ പെടാതെ വിദേശത്ത് തൊഴില്‍ നേടാന്‍ നിരവധി അവസരങ്ങളും അതിലേക്ക് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളുമുണ്ടെന്നും പലവുരു ആവര്‍ത്തിച്ചിട്ടുള്ളതാണ്. അറിവുള്ളവരും അനുഭവസ്തരും പറയുന്നതിനെ നാം മുഖവിലക്കെടുക്കാറില്ലല്ലോ? പ്രവാസവും പ്രവാസിയുടെ ജീവിതവും എന്താണെന്ന് ഇവിടെ പറന്നിറങ്ങികഴിയുമ്പോഴേ തിരിച്ചറിയാന്‍ കഴിയൂ എന്ന സാമാന്യവത്കരണമൊക്കെ കാലഹരണപെട്ടതാണ്. പ്രവാസികളില്‍ തൊണ്ണൂറ് ശതമാനവും ദുരിതപൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നതെന്നും ടി.വി.കളില്‍ കാണുന്ന ആഢംബരം ബാക്കി പത്തു ശതമാനത്തിന്റേത് മാത്രമണെന്നും തിരിച്ചറിയാന്‍ കഴിയുമെങ്കിലും ലക്ഷങ്ങള്‍ കൊടുത്ത് ദുരിതം വിലക്ക് വങ്ങാന്‍ മലയാളികള്‍ ക്യൂനില്‍ക്കുന്ന കാഴ്ച ദയനീയമാണ്.

എങ്ങിനെയും ഒരു വിസ തരപ്പെടുത്തി വാഗ്ദത്തഭൂമിയിലേക്ക് എന്ന ചിന്ത കേരളീയനെ പിടിമുറുക്കിയത് അറുപതുകള്‍ മുതലാണ്. എഴുപതുകളില്‍ “പേര്‍ഷ്യാ” ഒരു ഫാഷനായി. എണ്‍പതുകളായപ്പോള്‍ “പേര്‍ഷ്യാകാരന്‍” നാടിന് ശാപമായി. പേര്‍ഷ്യകാരനല്ലാത്തവര്‍ക്ക് നാട്ടില്‍ ജീവിക്കാന്‍ വയ്യാത്ത തരത്തില്‍ പെര്‍ഷ്യകാരന്റെ ആഢംബരം അസ്സഹനീയമായി. എരിപൊരിയുന്ന ചൂടില്‍ ചോരയും നീരും കൊടുത്ത് ചുട്ടെടുത്ത അറബിപണം ഒന്നിനും തികയില്ലായെന്ന് സ്വയമറിഞ്ഞിട്ടും വര്‍ഷാവര്‍ഷം വട്ടികാരുടെ കയ്യില്‍ നിന്നും കൊള്ളപലിശക്ക് പണം കടംവാങ്ങി ഒരു മാസത്തെ അത്യാഢംബരജീവിതം നയിക്കാന്‍ നാട്ടിലേക്ക് വണ്ടി കയറുന്നവരുടെ ആഢംബരങ്ങളില്‍‍ കേരളീയര്‍ മിഴിച്ചു നിന്നതാണ് എണ്‍പതുകളില്‍ നാം കണ്ടത്. അത്തറ് മണക്കുന്ന ആ അല്പത്വങ്ങളില്‍ കണ്ണു മഞ്ഞളിച്ചവര്‍ കൂടും കുടുക്കയും കെട്ടിയോളുടേ താലിയും വരെ അറുത്ത് വിറ്റ് ഊഷരഭൂമികളിലേക്ക് പറന്നു. സ്വര്‍ണ്ണം വാരാന്‍ പറന്നെത്തിയവര്‍ ഇവിടെ അതൊന്നുമില്ലന്ന് സ്വയം തിരിച്ചറിഞ്ഞിട്ടും അദ്യമെത്തിയവരെ അവരും പിന്‍ പറ്റി. 30 ദിവസത്തെ പ്രകടനത്തിന് വേണ്ടി 365 ദിവസത്തെ നരക ജീവിതം ഒരോരുത്തരും സ്വയമേറ്റുവാങ്ങി. പിന്നെ അതൊരു രീതിയായി. ആ രീതി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി. ജോലിയെന്നാല്‍ ഗള്‍ഫില്‍ പോവുക എന്ന ശീലത്തിലേക്ക് മലയാളമെത്തിചേര്‍ന്നു.

പഠിക്കുമ്പോള്‍ വിദേശത്ത് സാധ്യതയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്തു. പഠിത്തം കഴിയുമ്പോള്‍ സര്‍ട്ടിഫിക്കറ്റുനു മുമ്പേ പാസ്പോര്‍ട്ടാഫീസില്‍ വരി നിന്നു. പോലീസ് വേരിഫിക്കേഷന്‍ നേരത്തേയാക്കാന്‍ പോലീസിന് കോഴകൊടുത്തു. പാസ്പോര്‍ട്ട് കയ്യില്‍കിട്ടിയാല്‍ തട്ടികൂട്ടു ഏജന്റമാര്‍ക്ക് തലവരി കൊടുത്ത് വിസക്കായി കണ്ണും നട്ട് കാത്തിരുന്നു. ലക്ഷങ്ങള്‍ വരി വാ‍ങ്ങിയ ഏജന്റ് അതുമായി മുങ്ങിയെന്നറിയുമ്പോള്‍ വിദേശങ്ങളിലേക്കാള്‍ നമ്മുടെനാടാണ് നല്ലതെന്നും ഇവിടെയും ജോലിയുണ്ടെന്നും എന്തിന് വിദേശത്ത് ജോലിതിരക്കിയിരിക്കണമെന്നും വീണ്ടുവിചാരം ഉണ്ടാകുന്നു. അപേക്ഷ സമര്‍പ്പിക്കുന്നു. ജോലിലഭിച്ചു കഴിഞ്ഞാല്‍ വീണ്ടും “ഗള്‍ഫ്” തലക്കു പിടിക്കുന്നു. ആദ്യം കിട്ടുന്ന ശംബളം തന്നെ ഗള്‍ഫിലേക്ക് പോകാന്‍ മാറ്റി വക്കുന്നു. ലീവെടുക്കുന്നു. വിസിറ്റില്‍ ഗള്‍ഫിലേക്ക് തിരിക്കുന്നു...

ഗള്‍ഫിലേക്ക് എത്തിചേരാന്‍ വ്യവസ്താപിതമായ നിരവധി മാര്‍ഗ്ഗങ്ങളുണ്ടെന്നിരിക്കേ കുറുക്കുവഴികള്‍ക്കാണ് നമ്മുക്ക് താല്പര്യമേറേ. വിസിറ്റ് വിസയില്‍ വന്നിട്ട് ജോലി തരപ്പെടുത്താം എന്നുള്ള ഏജന്റിന്റെ വാക്കില്‍ ഒരുമാതിരിപെട്ട എല്ലാ മലയാളിയും വീഴുന്നു.വിസിറ്റ് വിസയിലെത്തുന്നവന്റെ രണ്ടുമാസം രണ്ടു ദിനമ്പോലെ കടന്നുപോകുന്നു. വിസ പുതുക്കാന്‍ ഈ നാട്ടില്‍ ചങ്ങാതിമാരില്ലാത്തവര്‍ നാട്ടില്‍നിന്നും പണം വരുത്തുന്നു. വീണ്ടും 30 ദിവസം. എങ്ങിനെ 30 ദിനം കഴിഞ്ഞു പോയീയെന്ന് അവനു കൂടി തിട്ടമില്ല. ഇന്റര്‍വ്യൂകള്‍ പാഴാവുന്നു. ദിനേന “കോണ്‍ഫിഡന്‍സ്” നഷ്ടപെടുന്നു. വെള്ളകോളര്‍ പണിക്ക് ഭാഷ വല്ലിയ പ്രശ്നമായി മാറുന്നു. സി.വിയില്‍ അറിയാവുന്ന ഭാഷകള്‍ എന്നിടത്ത് പറഞ്ഞ് കേട്ടിട്ടുള്ള എല്ലാ ഭാഷയും എഴുതി വെക്കും. “കിതര്‍ രെഹ്ത്താഹേ തും?” എന്ന് ചോദിച്ചാല്‍ “മേരാ നാം അഞ്ചല്‍കാരന്‍” എന്ന് പറയും. സ്വയം ഡിക്ലയര്‍ ചെയ്തിരിക്കുന്ന പ്രസ്ഥാവനകള്‍ നൂറ് ശതമാനവും ശരിയാണെന്ന് തിരിച്ചറിയുന്ന തൊഴില്‍ ദായകന്‍ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കും. വിളിയും കാത്ത് വിസിറ്റിന്റെ അവസ്സാനദിനവും അസ്തമിക്കുമ്പോള്‍ തിരിച്ചു വന്ന് എവിടേയും പണിയെടുക്കാന്‍ കഴുയുന്ന വിസ തരപ്പെടുത്തി തരാമെന്ന വാഗ്ദാനവുമായി പരസഹായി “പോത്ത് വിസ” യുമായി എത്തുന്നു.

അതേ അതു തന്നെ “പോത്ത് വിസ”. നാട്ടില്‍ പോത്തുകളെ മേയാന്‍ കയറൂരി വിടീല്ലേ അതു മാതിരി ഒരേര്‍പ്പാട്. ഏതെങ്കിലും ഒരു പേപ്പര്‍ കമ്പനിയുടെ പേരില്‍ നൂറ് കണക്കിന് വിസിറ്റ് വിസ പാസ്സാക്കിയെടുത്തിട്ട് വിസ വിറ്റ് കാശുമായി പ്രൊപ്രൈറ്റര്‍ മാര്‍ മുങ്ങുന്ന ഒരേര്‍പ്പാട്. വിസിറ്റ് വിസയില്‍ എയര്‍പോര്‍ട്ടില്‍ എത്തികഴിയുമ്പോള്‍ ഏജന്റിന്റെ കയ്യില്‍ കയറൂരി കൊടുത്ത് സ്വയം പോത്തായി (പസ്പോര്‍ട്ട് കൊടുത്ത്) മാറാന്‍ മലയാളിക്ക് അല്പം പോലും മനം മടുപ്പില്ല എന്നതാണ് ഈ പൊതുമാപ്പില്‍ നാം തിരിച്ചറിയുന്ന അദ്യത്തെ വസ്തുത. പോത്തായി മാറി സ്വയം “കല്ലീ വല്ലീ” കളായാവര്‍ ചതിക്കുഴികളില്‍ വീണവരെക്കാള്‍ എത്രയോ കൂടുതലാണ്. പാസ്പോര്‍ട്ട് ഏജന്റിനെ ഏല്പിച്ച് കയ്യും വീശി പോത്തിന് തുല്യം എയര്‍പൊര്‍ട്ടില്‍ നിന്നും പ്രവാസത്തിലേക്കെടുത്ത് ചാടുന്നവര്‍ സ്വന്തം അസ്തിത്വം തന്നെ വലിച്ചെറിഞ്ഞിട്ടാണ് പ്രവാസ ജീവിതം നയിക്കുന്നത്. പൊതു മാപ്പ് പ്രഖ്യാപിക്കുമ്പോള്‍ ഒരു തരത്തിലുള്ള മാപ്പും അര്‍ഹിക്കാത്ത കൂട്ടരാണിവര്‍. പക്ഷേ ഈ അവസരം അവര്‍ ഉപയോഗപ്പെടുത്തുമെന്ന് നമ്മുക്ക് കരുതാം. അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റാണെങ്കിലും മാപ്പ് നല്‍കാന്‍ ഇവിടുത്തെ ഭരണകൂടം തയ്യാറായിരിക്കുന്നു. പോത്ത് വിസയില്‍ നിന്നും മാറി നിയമവിധേയമായി കുടിയേറാന്‍ കിട്ടിയിരിക്കുന്ന ഈ അവസരം മലയാളിക്ക് തന്നെ അപമാനമായി മാറിയിരിക്കുന്ന പോത്ത് വിസ എന്ന ഏര്‍പ്പാടില്‍ പെട്ടു പോയവര്‍ ഉപയോഗപെടുത്തട്ടെ.

കുറുക്കു വഴികളിലൂടെ വിസ നേടി പേര്‍ഷ്യകാരനാകാന്‍ ശ്രമിക്കുന്നവരോടൊരു വാക്ക്: വിസിറ്റ് വിസയിലെത്തി ജോലി തരപ്പെടുത്താന്‍ ശ്രമിക്കുന്നത് ലോട്ടറിയെടുക്കുന്നതുപോലെയാണ്. കിട്ടിയാല്‍ കിട്ടി പോയാല്‍ പോകുന്നത് ഒരു പക്ഷേ ജീവിക്കാനുള്ള അവസരവും. ഒരിക്കല്‍ വിസിറ്റ് വിസയിലെത്തിയിട്ട് ജോലികിട്ടാതെ പോത്ത് വിസയുടെ പിറകേ പോയാല്‍ ജീവിതം മുഴുവന്‍ പോത്തായി കഴിയേണ്ടി വരും.

പിന്നാമ്പുറം.
“ഗള്‍ഫ് എലിക്കെണിപോലെയാ. പുറത്ത് നില്‍ക്കുന്ന എലിക്ക് പെട്ടിക്കകത്തേക്ക് കടക്കാനുള്ള പരക്കം പാച്ചില്‍. അകത്ത് കടന്നുപോയാലോ പുറത്തേക്ക് ചാടാനുള്ള മരണവെപ്രാളവും...”

4 comments:

അഞ്ചല്‍ക്കാരന്‍ said...

സി.വി. യില്‍ അറിയാവുന്ന ഭാഷകള്‍ എന്നിടത്ത് പറഞ്ഞ് കേട്ടിട്ടുള്ള എല്ലാ ഭാഷയും എഴുതി വെക്കും. “കിതര്‍ രെഹ്ത്താഹേ തും?” എന്ന് ചോദിച്ചാല്‍ “മേരാ നാം അഞ്ചല്‍കാരന്‍” എന്ന് പറയും. സ്വയം ഡിക്ലയര്‍ ചെയ്തിരിക്കുന്ന പ്രസ്ഥാവനകള്‍ നൂറ് ശതമാനവും ശരിയാണെന്ന് തിരിച്ചറിയുന്ന തൊഴില്‍ ദായകന്‍ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കും. വിളിയും കാത്ത് വിസിറ്റിന്റെ അവസ്സാനദിനവും അസ്തമിക്കുമ്പോള്‍ തിരിച്ചു വന്ന് എവിടേയും പണിയെടുക്കാന്‍ കഴുയുന്ന വിസ തരപ്പെടുത്തി തരാമെന്ന വാഗ്ദാനവുമായി പരസഹായി “പോത്ത് വിസ” യുമായി എത്തുന്നു.

ദിവാസ്വപ്നം said...

qw_er_ty

"സി.വി. യില്‍ അറിയാവുന്ന ഭാഷകള്‍ എന്നിടത്ത് പറഞ്ഞ് കേട്ടിട്ടുള്ള എല്ലാ ഭാഷയും എഴുതി വെക്കും"


true !

അലിഅക്‌ബര്‍ said...

very nice
congratulation....
pls check ur mail box.

Kalesh Kumar said...

നന്നായിട്ടുണ്ട്!